കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ/സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. കാറ്റഗറി നമ്പർ: 653/2021. ഫെബ്രുവരി 2 വരെ അപേക്ഷ സ്വീകരിക്കും. ആകെ 140 വിജ്ഞാപനങ്ങളാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ 2021ലെ ആകെ വിജ്ഞാപനം 781 ആയി.
കെഎസ്എഫ്ഇ/കെഎസ്ഇബി അസിസ്റ്റന്റ് വിജ്ഞാപനമില്ല
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ 2 വിജ്ഞാപനങ്ങൾ ഒരേ ഗസറ്റിലായിരുന്നു പിഎസ്‌സി പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ, ഇത്തവണ കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നില്ല. രണ്ടു റാങ്ക് ലിസ്റ്റിലും ഒരേ ഉദ്യോഗാർഥികൾ ഉൾപ്പെടുന്നത് നിയമനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് ഒരു വിജ്‍ഞാപനം മാത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
കെഎസ്ആർടിസി/ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ ലഭിക്കുന്നതെല്ലാം കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിയമനം ലഭിച്ചവർക്കാണ്. ഇവരാരും ജോലിയിൽ പ്രവേശിക്കാത്തതിനാൽ വിവിധ സ്ഥാപനങ്ങൾക്ക് ഒഴിവു നികത്താൻ കഴിയുന്നില്ല. പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ 2020 മാർച്ചിൽ റിപ്പോർട്ട് ചെയ്ത 9 ഒഴിവ് ഇതുവരെ നികത്താൻ കഴിഞ്ഞിട്ടില്ല. ഇതുപോലെയാണ് മറ്റു പല സ്ഥാപനങ്ങളിലെയും അവസ്ഥ.