നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ഫ്ലെക്സ് ബോർഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മർദിച്ചതെന്ന് മകൻ യദു സാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരുഫ്ലെക്സ് ബോർഡിൽ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിച്ചു’; യദു പറഞ്ഞു.
മനസാക്ഷയില്ലാത്ത മർദനമാണ് കുട്ടികൾക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ആളാകേണ്ട എന്നുപറഞ്ഞാണ് മർദിച്ചത്. കളിക്കുമ്പോൾ പറ്റിയതാണ് ഇത്. പക്ഷെ എന്റെ മകനെയാണ് അവർ ആദ്യം മർദിക്കുന്നത് എന്നും സന്തോഷ് കീഴറ്റർ പറഞ്ഞു.
ഹെൽമറ്റ് കൊണ്ടാണ് മർദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഓർക്കാൻ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തിൽ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.