പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ പരാതി. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ഉപഭോക്തൃ തർക്ക പരിഹാര സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 19-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
പാൻ മസാലയുടെ പരസ്യത്തിൽ അതിൽ കുങ്കുമപ്പൊടി അടങ്ങിയിട്ടുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. എന്നാൽ തെറ്റാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ജയ്പൂർ സ്വദേശിയായ യോഗേന്ദ്ര സിംഗാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി.
കിലോയ്‌ക്ക് നാല് ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവ് അഞ്ച് രൂപയ്‌ക്ക് വിൽക്കുന്ന പാൻ മസാലയിൽ ഉൾപ്പെടുത്താനാകില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. കങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ പാൻ മസാലയിൽ ഉണ്ടാകില്ലെന്നും യുവാവ് പരാതിയിൽ പറയുന്നു. പരസ്യത്തിലൂടെ തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നതെന്നും അതിനാൽ ഈ പരസ്യം പിൻവലിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.