കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ (Anjana Shajan) (Ansi kabeer) നേരത്തെയും അജ്ഞാത വാഹനം പിന്തുടർന്നിരുന്നെന്ന് പരാതി. കൊല്ലപ്പെട്ട അഞ്ജന ഷാജന്‍റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഇതിനിടെ അപകടത്തിൽ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഇടിച്ച കാറിന്‍റെ ഫൊറൻസിക് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. കൊല്ലപ്പെട്ട മോഡൽ അഞ്ജനെ ഷാജന്‍റെ വീടായ തൃശൂർ കൊടകയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടർന്നത്.
അജ്ഞാത വാഹനം പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി തദ്ദേശഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അഞ്ജനയുടെ കുടുംബം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. അപകടത്തിന് മുമ്പ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുർന്ന വാഹനം ഇതുതന്നെയായിരുന്നോ എന്നും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടർന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. സൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമാകും നടപടി. ഇതിനിടെ മോഡലുകളുടെ അപകടത്തിനിടയാക്കിയ കാറിന്‍റെ ഫൊറൻസിക് പരിശോധന ഉടൻ നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. മദ്യലഹരിയിൽ ഉണ്ടായ അപകടത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. അപകടത്തിന് മുമ്പ് കാറിന്‍റെ ബ്രേക്ക് ഫ്ലൂയിഡ് ചോർന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും..
മിസ് കേരള ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ പൊലീസ് ഡിജെ പാർട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. പാർട്ടിയിൽ പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തിരുന്നു. നൂറ്റമ്പതിലധികം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലിൽ പേര് വിവരങ്ങള്‍ നൽകാതെ പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി കമീഷണർ ബിജി ജോർജ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതുവരെ കേസന്വേഷിച്ച എറണാകുളം അസി കമീഷണർ വൈ നിസാമുദ്ദീന, മെട്രോ സ്റ്റേഷൻ ഇൻസ്പെകടർ അനന്തലാൽ എന്നിവരെ പുതിയ സംഘത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനാപകട കേസിലെ റിമാൻ്റ് റിപ്പോർട്ടിൽ പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഡിജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു. പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു.
കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.