Spread the love

മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായുള്ള പരാതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നത്.

മുതുകിലെ പഴുപ്പ് നീക്കാൻ വേണ്ടിയായിരുന്നു ഷിനു ആശുപത്രിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ഷിനുവിന് കടുത്ത വേദന ഉണ്ടാവുകയായിരുന്നു. ഈ ഘട്ടത്തിൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നതായ് ഷിനു പറയുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും മടങ്ങി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടതെന്നും നേരത്തെ ഷിനു വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത് ശസ്ത്രക്രിയ പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Leave a Reply