പുതുപ്പള്ളി (കോട്ടയം)∙ ആരോഗ്യം, കുടിവെള്ളം, മറ്റുക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലൂന്നിയ വികസനം നടപ്പാക്കുമെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. എംഎൽഎയായാൽ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ജെയ്ക്കിന്റെ മറുപടി. കായികാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് എന്നിങ്ങനെയുള്ള കാര്യങ്ങൾ പുതുപ്പള്ളി ആവശ്യപ്പെടുന്നുണ്ട്. എല്ലാ മേഖലകളെയും കേന്ദ്രീകരിച്ചുള്ള സമഗ്രമായ വികസനം നടപ്പാക്കുമെന്നും ജെയ്ക് സി. തോമസ് പറഞ്ഞു.
49 വർഷം പഴക്കമുള്ള ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിനെ കൊതിപ്പിക്കുന്ന ഇടിഞ്ഞു പൊളിയാറായ കെട്ടിടം പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. ഇതാണോ വികസനത്തിന്റെ നേർസാക്ഷ്യമെന്നും ജെയ്ക് ചോദിച്ചു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ലക്ഷക്കണക്കിനു ശേഷിയുള്ള കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ പൂർത്തീകരിക്കുകയാണ്. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രാദേശികമായി അധികാരത്തിൽ വന്ന ശേഷം സംഭവിക്കാൻ പോകുകയാണെന്നും ജെയ്ക് സി. തോമസ് പ്രതികരിച്ചു.
വികസനത്തെ സംബന്ധിച്ച് സംവാദത്തിന് യുഡിഎഫിനെ സ്നേഹപൂർവം ക്ഷണിക്കുകയാണ്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളെക്കുറിച്ച് സംവാദത്തിന് ക്ഷണിച്ചാൽ യുഡിഎഫ് പ്രതിനിധിക്കോ നേതാക്കൾക്കോ മറുപടിയില്ല. കൃഷി ഭവനുണ്ടെന്നും എസ്ബിഐക്ക് ശാഖയുണ്ടെന്നുമൊക്കെയാണ് വികസനമായി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നതെന്നും ജെയ്ക കുറ്റപ്പെടുത്തി.