കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട . സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.
അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജൻ്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും, ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു.








