Spread the love

തിരുവനന്തപുരം: സത്യന്‍ മാഷും പ്രേംനസീറുമെല്ലാം കത്തിനില്‍ക്കുന്ന കാലത്ത് വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കയറി വന്ന് മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത തരം സ്റ്റൈലിലൂടെ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് നടൻ ജയൻ. മലയാളികൾ ആസ്വദിച്ചും സിനിമയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിനു മുൻപും വിധി കലാലോകത്തു നിന്നും പറിച്ചെടുത്ത അനശ്വര കലാകാരനാണ് നടൻ ജയൻ. മരണത്തിന് വർഷങ്ങൾക്കുശേഷവും മലയാളം നെഞ്ചേറ്റുന്ന നടന്റെ ഓർമ്മകൾക്ക് ഇന്ന് 44 വയസ്സ് തികയുകയാണ്.

അന്നും ഇന്നും ജയൻ എന്ന നടൻ പകരം വയ്ക്കാൻ ഇല്ലാത്ത സ്റ്റൈലും സിനിമകളും ഉള്ള നടനാണ്. വിടവാങ്ങിയിട്ട് നാലരപതിറ്റാണ്ടിനോട് അടുക്കുമ്പോഴും ആ ജയന്‍ തരംഗം തെല്ലും കുറയാതെ തലമുറകളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു.

1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയില്‍ ജനിച്ച കൃഷ്ണന്‍നായർ 15 വർഷത്തെ നാവികസേനയിലെ സേവനത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 1974ൽ ശാപമോക്ഷത്തിലൂടെ അരങ്ങേറ്റം.ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്.പിന്നെ കണ്ടത് ജയന്‍ എന്ന ഇതിഹാസത്തിന്റെ തേരോട്ടം. ജയനെ പോലെ നടക്കാന്‍, സംസാരിക്കാന്‍ വസ്ത്രം ധരിക്കാന്‍ പുഞ്ചിരിക്കാന്‍ ശരീരം ശ്രദ്ധിക്കാനൊക്കെ യുവാക്കള്‍ മത്സരിച്ചു. ആണഴകിന്‍റെ അവതാരപ്പിറവിയെന്ന് വാഴ്ത്തുകള്‍ താരത്തെ തേടിയെത്തി. വെറും ആറുവർഷം കൊണ്ട് അഭിനയിച്ചത് 116 സിനിമകള്‍.

സാഹസികത ആയിരുന്നു മറ്റൊരു മുഖമുദ്ര. കോളിളക്കത്തില്‍ സംവിധായകന്‍ ഓക്കെ പറഞ്ഞ ടേക്ക് പോലും തന്റെ തൃപ്തിക്ക് വേണ്ടി ഒന്നൂടെ എടുക്കണമെന്ന ജയന്‍റെ ആവശ്യം മലയാളിയെ തീരാനോവിലേക്കാണ് തള്ളിവിട്ടത്.

Leave a Reply