മലപ്പുറം: ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ ബസ് യാത്രാ ഇളവിന് ആർ.ടി.ഒ. സാക്ഷ്യ പെടുത്തിയ കൺസെഷൻ കാർഡുകൾ നിർബന്ധമാക്കാൻ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനിച്ചു. ഇതിനായി ജൂലായ് 31 വരെ സമയം നൽകും.
പുതുതായി പ്രവേശനം നേടുന്നവർക്കും കാർഡ് നൽകും. കൺസഷൻ കാർഡുകളുടെ ദുരുപയോഗം തടയണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.
എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി. അംഗങ്ങൾക്ക് ഒഴിവു ദിവസങ്ങളിലും യാത്രാ ഇളവ് നൽകണമെന്ന് ആവശ്യത്തിൽ ബസുടമകളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനമെടുക്കും. പ്രാദേശിക പ്രശ്നങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ പരിഹരിക്കാനും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ജോയിന്റ് ആർ.ടി.ഒ.മാരുടെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം. മെഹ്‌റലി അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സി. ബാബു, ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാർ, എം.എസ്. മനോജ്, എ. ബാബുരാജ്, എം. അൻവർ, എസ്.എ. ശങ്കരപ്പിള്ള, കെ.ബി. രഘു, എം.കെ. സുബൈർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെയും ബസ് ഉടമകളുടെയും പ്രതിനിധികളും പങ്കെടുത്തു.