Spread the love

മിനി സ്ക്രീനിലൂടെ പ്രേക്ഷക പരിചിതനായി പിന്നീട് സിനിമയിലേക്കും ചേക്കേറിയ താരമാണ് ഷെയ്ൻ നിഗം. അമൽ നീരദ് ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ താരം വർഷങ്ങൾക്കിപ്പുറം മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവതാരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ മദ്രാസ്ക്കാരൻ എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം. കരിയർ പടുത്തുയർത്തുന്നതിനിടെ തന്റെ ആദ്യകാല ചിത്രമായ അന്നയും റസൂലിനെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരമിപ്പോൾ.

മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ് ഫഹദ് ഫാസിൽ -ആൻഡ്രിയാ ജോഡി അഭിനയിച്ച അന്നയും റസൂലും. ചിത്രത്തിലെ സണ്ണി വെയിൽ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ഷൈൻ ടോം ചാക്കോ, ശ്രദ്ധ എന്നിവരുടെ പ്രകടനത്തിന് വലിയ കയ്യടി കിട്ടിയിരുന്നു. ചിത്രത്തിൽ നായികയുടെ സഹോദരൻ ആയിട്ടായിരുന്നു ഷെയ്ൻ നിഗത്തിന്റെ റോൾ.

ചിത്രത്തിന്റെ സെക്കൻഡ് ഹാഫിൽ നായക കഥാപാത്രമായ റസൂലുമായുള്ള സഹോദരിയുടെ പ്രേമം തിരിച്ചറിഞ്ഞ ഷെയ്ൻ സഹോദരിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ട്. ഇത് അഭിനയിച്ച് ഫലിപ്പിക്കവേ താൻ കുറച്ച് കടന്നുപോയോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് ഷൈൻ നിഗം പറഞ്ഞത്.

ശാരീരികമായി ഉപദ്രവിച്ച ശേഷം വലിച്ചു ഇഴച്ചു കൊണ്ടുവരുന്നതായിരുന്നു സീൻ. ഡയറക്ടർ ആക്ഷൻ പറഞ്ഞതും താൻ നായികയെ ശരിക്കും തല്ലി എന്നും സീരിയസ് ആയി വലിച്ചിഴച്ചു കൊണ്ടുവന്നെന്നും നടൻ പറയുന്നു. തനിക്ക് ആ സമയത്ത് എങ്ങനെയാണ് ഇത്തരം സിനുകൾ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു എന്നും എന്തായാലും ആ സീനിന് ശേഷം ആൻഡ്രിയ കരഞ്ഞു കാണുമെന്ന് തനിക്ക് തോന്നി എന്നും ഷെയ്ൻ പറയുന്നു. ഇന്നും ആ സംഭവം ഓർക്കുമ്പോൾ തനിക്ക് വേദനയാണെന്നും ആ സീന് ശേഷം അവരെ ഫെയ്സ് ചെയ്യാൻ പോലും തനിക്ക് മടിയായെന്നും നടൻ പറയുന്നു. അതേസമയം ആൻഡ്രിയ ഒരു നല്ല നടിയാണെന്നും അതിന് ശേഷമുള്ള സീനുകളിൽ വളരെ നോർമൽ ആയിട്ടാണ് അവർ അഭിനയിച്ചതെന്നും താരം പറയുന്നു.

Leave a Reply