ന്യൂഡൽഹി∙ ഗണേഷ് ചതുർഥി ദിനത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. സെപ്റ്റംബർ 18നു സമ്മേളനം പഴയ മന്ദിരത്തില്‍ തുടങ്ങി സെപ്റ്റംബർ 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്കു മാറാനാണു തീരുമാനം. ഇതോടെ സെപ്റ്റംബർ 18നു ചേരുന്ന സമ്മേളനം പഴയ പാർലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും. പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്തെങ്കിലും മഴക്കാല സമ്മേളനം പഴയ മന്ദിരത്തിലാണു നടന്നത്. പാർലമെന്റിന്റെ പുതിയ കെട്ടിടത്തിലേക്കു മാറുന്നതു സംബന്ധിച്ച വിവരം വാർത്ത ഏജൻസി എഎൻഐയാണു പുറത്തുവിട്ടത്. ഈ മാസം 18 മുതൽ 22 വരെയാണു കേന്ദ്രസർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നിൽ എന്താണെന്നതിൽ വ്യക്തയില്ല. എന്താണ് സമ്മേളന അജൻഡയെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല. മധ്യപ്രദേശും രാജസ്ഥാനും ഉൾപ്പെടെ 5 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.