രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എം പി. അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്. തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു പരാമർശം എന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. ‘താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്ന് ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യത്ഥന’ – അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു.
ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്‍റിലും പുറത്തും മാപ്പ് പറയണമെന്നും സ്‍മൃതി ഇറാനി ആവശ്യപ്പെട്ടു.