Spread the love
ജോഡോ യാത്ര എത്താൻ വെറും മണിക്കൂറുകൾ, കോൺഗ്രസ്‌ നേതാവ് ബിജെപിയിൽ

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര (Bharat Jodo Yatra) എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ പാർടി വിട്ട്‌ ബിജെപിയിൽ ചേർന്നു. എറണാകുളം (Ernakulam) സെൻട്രൽ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറമാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ (Congress)വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണൻ പാറപ്പുറം.

ഒബിസി കോൺഗ്രസിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, ആർ ശങ്കർ ഫൗണ്ടേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും രാധാകൃഷ്ണൻ വഹിച്ചിരുന്നു. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌നൊപ്പമാണ്‌ വാർത്താ സമ്മേളനം നടത്തിയത്‌. രാഹുലിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന എറണാകുളത്തെ കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് രാധാകൃഷ്ണന്റെ ഈ ചുവടുമാറ്റം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലുളള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നാണ് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്ര മോദി സർക്കാരിനെ ബാധിക്കില്ലെന്നാണ് തന്റെ വിശ്വാസം. മറ്റ് രാഷ്‌ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുള്ളിൽ കുറേ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അവർ തന്നെ യാത്ര നടത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ബിജെപിക്കാണ് പ്രസക്തി. അഴിമതിയില്ലാത്ത പ്രസ്ഥാനമാണ് ബിജെപി. അഴിമതിമുക്ത പ്രതിച്ഛായയാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്ര കൊച്ചിയിൽ എത്തിച്ചേരുമ്പോൾ രാഹുൽ ഗാന്ധിക്ക് ബിജെപി നൽകുന്ന പാരിതോഷികമാണ് രാധാകൃഷ്ണൻ പാറപ്പുറത്തിന്റെ മാറ്റമെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply