തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യം. വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ പ്രതാപവര്‍മ തമ്പാുന്‍ വീണത്. ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 63 വയസായിരുന്നു.
കൊല്ലത്ത് നിന്നും കോൺഗ്രസ് നേതൃനിരയിലേക്കെത്തിയ കരുത്തനായ നേതാവിയിരുന്നു തമ്പാന്‍. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. കെ എസ് യു കാലം മുതൽ എ കെ ആന്‍റണിയുടെ വലംകയ്യായിരുന്നു. എ- ഐ ഗ്രൂപ്പ് പോരിന്‍റെ പാരമ്യത്തിൽ കത്തിക്കുത്തേറ്റ പ്രതാപ വർമ തമ്പാന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്തും ആരുടേയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം, എന്നും സഞ്ചാരം വിവാദങ്ങൾക്കൊപ്പം അതായിരുന്നു തമ്പാന്‍.
2001 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും വിജയിച്ചു എം എൽ എ യായി. കൊല്ലം ഡി സി സി പ്രസിഡന്‍റെ, കെ പി സി സി നിർവ്വാഹക സമിതി അംഗം അടക്കം പാർട്ടികളിൽ നിരവധി പദവികൾ വഹിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്നും അൽപ്പം മാറി നിന്ന തമ്പാന്‍, അടുത്തിടെ കെ സി വേണുഗോപാൽ വിഭാഗത്തിനൊപ്പം ചേർന്ന് വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. പ്രതാപ വര്‍മ തമ്പാന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.