Spread the love

കോൺഗ്രസ് അടിമുടി മാറ്റത്തിലേക്ക് ;കോൺഗ്രസിന് പുതിയ കൈരേഖ, മാർഗരേഖ പ്രഖ്യാപിച്ച് പുതിയ നേതൃത്വം.


തിരുവനന്തപുരം : കോൺഗ്രസിനെ അടിമുടി മാറ്റുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് പാർട്ടി പ്രവർത്തനത്തിനുള്ള മാർഗരേഖ പുതിയ നേതൃത്വം പ്രഖ്യാപിച്ചു. പാർട്ടി അച്ചടക്കവും ചുമതലാബോധവും ഉറപ്പാക്കുന്ന ഈ മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി ഓരോ കോൺഗ്രസ് പ്രവർത്തകനും പൊതുരംഗത്ത് ഇടപെടുകയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ 2 ദിവസത്തെ ശിൽപശാലയിലാണു പെരുമാറ്റച്ചട്ടം ചർച്ച ചെയ്ത് അന്തിമമാക്കിയത്. പാർട്ടി ചുമതല വഹിക്കുന്ന ഓരോരുത്തരുടെയും പ്രവർത്തനം 6 മാസം കൂടുമ്പോൾ വിലയിരുത്തി അവർ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും. ഫലം ഉണ്ടാക്കാൻ കഴിയാത്തവരെ ഭാരവാഹിത്വത്തിൽ തുടരാൻ അനുവദിക്കില്ല.
കേഡർമാരെ വ്യാപകമായി റിക്രൂട് ചെയ്യും. അവർക്ക് ഓണറേറിയം നൽകും. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. നിലവിൽ രൂപപ്പെട്ട ഐക്യസാഹചര്യം നഷ്ടപ്പെടുത്താൻ ആരു ശ്രമിച്ചാലും അനുവദിക്കില്ല. ഗ്രൂപ്പു യോഗങ്ങൾ വിളിക്കാൻ ശ്രമിച്ചാൽ അതീവ ഗൗരവത്തോടെ കണ്ടു നടപടിയെടുക്കും.
ഫ്ലെക്സ് ബോർഡുകൾക്കു വിലക്കില്ലെങ്കിലും വ്യക്തിഗത പ്രചാരണത്തിന് ഇവ സ്ഥാപിക്കുന്നതു നിർത്തണം. നേതൃത്വം ഉയർന്നുവരേണ്ടതു ഫ്ലെക്സുകളിലൂടെ അല്ല, ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽനിന്നും സമരമുഖങ്ങളിൽനിന്നുമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്ന നേതാവിന്റെ തന്നെ പടം അതിൽ നിറഞ്ഞുനിൽക്കുന്ന രീതിയാണ് ഇപ്പോഴെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു പ്രധാനപ്പെട്ട തീരുമാനങ്ങൾ:

∙ ഒരു നിയോജകമണ്ഡലത്തിനു കീഴിൽ കുറഞ്ഞത് ഒരു മണ്ഡലം / പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റ് വനിത ആയിരിക്കും. 
•വിമർശനങ്ങളും പ്രതികരണങ്ങളും കർശനമായി പാർട്ടി വേദികളിൽ ഒതുക്കണം. 
• ജില്ലകളിലും സംസ്ഥാനത്തും അച്ചടക്ക സമിതികൾ  വരും. 
• ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കും. 
• ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും പാർട്ടി നിയന്ത്രണം കർശനമാക്കും. സഹകരണ ബാങ്ക് ഭരണസമിതിയിൽ ഒരാൾക്കു തുടരാവുന്നത് 2 തവണ; ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം 3 തവണയാകാം. ഓരോ മേഖലയിലെയും കോൺഗ്രസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താനും മാർഗനിർദേശം നൽകാനും സഹകരണ സെൽ അഥവാ കൺട്രോൾ കമ്മിഷനുകൾ വരും. സമാനമായ ഉപദേശക–മേൽനോട്ട സമിതി തദ്ദേശ സ്ഥാപനങ്ങൾക്കും രൂപീകരിക്കും.
• കോൺഗ്രസിന്റെ പൊതുയോഗങ്ങൾ, ജാഥകൾ‍, സമരങ്ങൾ, നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ എന്നിവയിൽ കർശനമായ പെരുമാറ്റച്ചട്ടം. ഇവ ആൾക്കൂട്ടമായി മാറുന്ന സ്ഥിതി അവസാനിപ്പിക്കും. ക്ഷണിക്കപ്പെടുന്നവർ മാത്രമേ വേദിയിൽ ഉണ്ടാകാവൂ. നേതാക്കളെ മറയ്ക്കുന്ന തരത്തിൽ ജാഥകളുടെ മുന്നിലെ ഇടി അനുവദിക്കില്ല. 
• അടിത്തട്ടു മുതൽ മേൽത്തട്ടു വരെയുള്ള എല്ലാ നേതാക്കളും ജനാധിപത്യബോധവും സഹിഷ്ണുതയും പാർട്ടി കൂറും പുലർത്തണം.
• നേതാക്കൾക്ക് ഉൾപ്പെടെ അതതു പ്രദേശത്തെ ബൂത്തുകളുടെ ചുമതല. 
ഇനി വ്യക്തിഗത ഫ്ലെക്സ് വേണ്ട.

Leave a Reply