
ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസ് അന്വേഷണം എങ്ങനെ ക്രൈംബ്രാഞ്ചിലെത്തിയെന്ന് ഹൈക്കോടതി. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് സ്വാര്‍ത്ഥ താത്പര്യം ഉണ്ടായിരുന്നെന്ന് അനുമാനിക്കാമോ എന്ന് കോടതി ചോദിച്ചു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗൂഡാലോചന നടന്നെന്ന് തെളിയിക്കാനാകുമോ? എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ കോടതി ആരാഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും തുടര്‍വാദം നടക്കും. നാളെ 1.45നാണ് വാദം പുനരാരംഭിക്കുക.
അതിനിടെ കേസില്‍ ഗൂഡാലോചന നടത്തിയത് പ്രതികളല്ല, അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിവരം നല്‍കേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്. പക്ഷേ ഈ കേസില്‍ ബി.സന്ധ്യക്ക് വിവരങ്ങള്‍ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയില്‍ ചോദിച്ചു. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ട് എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനയാണ് പുതിയ കേസ്. പ്രതികളല്ല ഇവിടെ പൊലീസ് ഉദ്യോഗസ്ഥരാണ് ഗൂഡാലോചന നടത്തിയത് എന്ന വാദവും ദിലീപ് ഉന്നയിച്ചു. വിഐപി ആരാണെന്ന് പറയാത്തത് മാപ്പുസാക്ഷിയായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കാനായിരിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം പ്രതിഭാഗം അഭിഭാഷകന്‍ വിഷയത്തെ ലളിതവത്ക്കരിച്ച് സംസാരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുല്‍ബലമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണ് കേസിന്റെ അടിസ്ഥാനമെന്നും ദിലീപ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
വിഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളത്. ഒന്നാം പ്രതിക്ക് പോലും ഇത്തരമൊരു കഥ പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ തന്റെ തിരക്കഥ രചനാവൈഭവം ഉപയോഗിക്കുകയാണെന്നും അഡ്വ. ബി രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.