Spread the love

ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ സ്വാതന്ത്ര്യസമര നേതാക്കൾക്കും മുൻ പ്രധാനമന്ത്രിമാർക്കും ആദരമര്‍പ്പിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച ഖർഗെ, ചിലർ കഴിഞ്ഞ കുറച്ചുവർഷമായി മാത്രമേ രാജ്യത്ത് പുരോഗതിയുള്ളൂ എന്നു പറയുന്നതായി ആരോപിച്ചു. ഡൽഹിയിൽ ഇന്നുനടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പ്രത്യേക ക്ഷണിതാവായിരുന്ന കോൺഗ്രസ് അധ്യക്ഷൻ വിട്ടുനിന്നിരുന്നു.

‘‘നെഹ്റു മുതലുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെയും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെയും സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ ഭീഷണയിലാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ ഭരണകൂടം പലവിധ മാർഗങ്ങൾ‌ സ്വീകരിച്ചുവരികയാണ്. സിബിഐ, എൻഫോഴ്സ്മെന്റ്, ഇൻകം ടാക്സ് വകുപ്പ് എന്നിവയെ ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ എംപിമാർക്ക് പാർലമെന്റിൽ സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുപ്പു കമ്മിഷനെ പോലും ദുർബലമാക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്’’ – ഖർഗെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം നെഹ്റു സർക്കാർ രൂപം നൽകിയ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് എന്നിവ രാജ്യത്തെ യുവാക്കൾക്കു പുതിയ പ്രതീക്ഷ നൽകി. ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും ഇന്ത്യയെ സ്വയംപര്യാപ്തമാക്കി. നിലവിലെ സർക്കാർ മുൻ‌ പ്രധാനമന്ത്രിമാരുടെ പദ്ധതികൾ പുതിയ പേരിൽ അവതരിപ്പിക്കുകയാണ്. പരാജയം മറയ്ക്കാൻ അവർ പുതിയ പേരുകൾ നൽകുന്നു. നേരത്തെ അവർ നല്ലദിനം (അച്ചേ ദിൻ) വരുമെന്നും പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ) വരുമെന്നും പറഞ്ഞു. ഇപ്പോൾ അമൃത കാലത്തെ കുറിച്ച് സംസാരിക്കുകയാണെന്നും ഖർഗെ കൂട്ടിച്ചേർത്തു.

Leave a Reply