തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സസ്‌പെൻഷൻ. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെയും 12 ബേ ഗ്യാരേജിന്റെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആർ.ഇന്ദു തുക അനുവദിച്ചു നൽകി. ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപയോഗ ശൂന്യമായ കെട്ടിടം നിർമിച്ചതിലൂടെ 1.39 കോടി ആണ് സർക്കാരിനു പാഴായത്. ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മാണം സംബന്ധിച്ച നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനാണ് നടപടി.