വൈപ്പിൻ∙സംസ്ഥാനപാതയോരത്ത് കാന നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കാൽനടക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് യാത്രക്കാർ. പലയിടങ്ങളിലും കാനയ്ക്കായി ആഴത്തിൽ കുഴിയെടുത്തിട്ടുണ്ടെങ്കിലും സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് ഒതുങ്ങുന്ന കാൽനടക്കാരും ഓരം ചേർക്കുന്ന വാഹനങ്ങളും കുഴിയിൽ ചാടാനുള്ള സാധ്യത ഏറെയാണ്. പലയിടത്തും നാട്ടുകാർ ഇക്കാര്യം നിർമാണത്തിന്റെ ചുമതലയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. രാത്രി കാലത്ത് അപകടസാധ്യത കൂടുകയുമാണ് .
വർഷങ്ങൾക്കു മുൻപ് പൈപ്പ് സ്ഥാപിക്കാനായി സംസ്ഥാനപാതയ്ക്കരികിൽ കുഴിയെടുത്തപ്പോൾ ഇത്തരത്തിൽ പലയിടത്തും അപകടങ്ങൾ ഉണ്ടായിരുന്നു. ഇത് കാന നിർമാണത്തിന്റെ കാര്യത്തിലും ആവർത്തിക്കും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പലയിടത്തും മൂന്നടിയോളം വീതിയിൽ ഒന്നരയടി താഴ്ചയിലാണ് റോഡിനോട് ചേർന്നുതന്നെ കുഴി എടുത്തിട്ടുള്ളത്. നേരത്തെ നടപ്പാത ഉണ്ടായിരുന്ന ഭാഗം പൂർണമായും ഇപ്പോൾ കുഴിയാണ്. കാൽനടക്കാർ റോഡിൽ കയറി വേണം നടക്കാൻ.തെക്കൻ മേഖലയിൽ ഇത്തരത്തിൽ കുഴിയെടുത്തപ്പോൾ വശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ എടവനക്കാട് മേഖലയിൽ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം മുൻകരുതലുകളൊന്നും ഇല്ല. ചിലയിടങ്ങളിൽ കോൺക്രീറ്റ് ജോലികൾക്കായി കുഴികളിൽ കമ്പികളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആളുകളോ വാഹനങ്ങളോ കുഴിയിലേക്ക് മറിഞ്ഞുവീണാൽ ഗുരുതരമായ പരുക്കിനും സാധ്യതയുണ്ട്.സംസ്ഥാനപാതയിൽ പലയിടത്തും വേണ്ടത്ര വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി വശങ്ങളിലെ കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ലെന്ന പരാതിയുമുണ്ട്. വാഹനത്തിരക്ക് പാരമ്യത്തിലുള്ള ഒരു റൂട്ടിൽ ഇത്തരത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെ നിർമാണ ജോലികൾ നടത്തുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് വരുന്നത്.