കൊച്ചി∙ കോടതി നിർദേശം ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്നതിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇനിയൊരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനാണു കേസെടുത്തത്. ഉത്തരവ് ലംഘിച്ച് നിര്‍മാണം തുടര്‍ന്നത് എങ്ങിനെയെന്നും കോടതി ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കേസില്‍ കക്ഷി ചേര്‍ന്നിരുന്നുവെന്നും നിര്‍മാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് അറിഞ്ഞില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കി ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.നിർമാണം തടഞ്ഞ് ഉത്തരവിട്ടിട്ടും രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ തുടർന്നെന്ന ആരോപണമാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് ലഭിച്ചിരുന്നില്ലെന്നും എന്നാൽ കലക്ടർ സ്റ്റോപ്പ് മെമോയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് എം.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർമാണം തുടരുകയാണെന്നു ഹർജിക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു സിപിഎം ഓഫിസിന്റെ നിർമാണപ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്. എന്നാൽ രാത്രിയിലും നിർമാണം തുടർന്നെന്ന് ബുധനാഴ്ച രാവിലെ കോടതി ആരംഭിച്ചപ്പോൾ അമിക്കസ് ക്യൂറിയും ഹർജിക്കാരുടെ അഭിഭാഷകനും ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. മാധ്യമവാർത്തയും കോടതിയുടെ ശ്രദ്ധയിലെത്തിച്ചു. നിർമാണം തടയണമെന്നാവശ്യപ്പെട്ട് റവന്യു, പൊലീസ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇന്നു കേസ് പരിഗണിച്ചത്. ഹൈക്കോടതി വിലക്കിയിട്ടും ഒറ്റരാത്രി കൊണ്ടാണ് ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം സിപിഎം പൂർത്തിയാക്കിയത്. കൂടുതൽ തൊഴിലാളികളെ എത്തിച്ചു പുലർച്ചെ 4 വരെ ജോലി ചെയ്യിച്ചാണ് അതിവേഗത്തിൽ പണികഴിപ്പിച്ചത്.
ബുധനാഴ്ച രാവിലെ പത്തോടെ ശാന്തൻപാറ വില്ലേജ് ഓഫിസർ സ്ഥലത്തു നേരിട്ടെത്തി വീണ്ടും സ്റ്റോപ് മെമ്മോ നൽകി. 2022 നവംബറിൽ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഇതവഗണിച്ചു സിപിഎം കെട്ടിടനിർമാണം തുടരുകയായിരുന്നു. പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കി ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, കോടതിവിധി അവഗണിച്ചു ചൊവ്വാഴ്ച രാത്രി ഓഫിസ് നിർമാണം പുനരാരംഭിച്ചു. അലുമിനിയം ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര നിർമാണം രാത്രി തന്നെ പൂർത്തിയാക്കി. മുൻഭാഗത്ത് ഒഴിച്ചിട്ടിരുന്ന ഭാഗത്ത് ഇഷ്ടിക കെട്ടുകയും ചെയ്തു.
ഇടുക്കിയിലെ വിവാദമായ സിപിഎം ഓഫിസുകൾ 50 വർഷത്തിലധികം പഴക്കമുള്ളതും പട്ടയമുള്ളതും കരമടച്ചു വരുന്നതുമായ ഭൂമിയിലാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന 8 സെന്റ് സ്ഥലത്തിന് 1966ൽ എൽഎ പട്ടയം കിട്ടിയതാണ്. പാർട്ടി ഓഫിസിന്റെ നവീകരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ബൈസൺവാലിയിലെ പാർട്ടി ഓഫിസിനും 50 വർഷത്തിലധികം പഴക്കമുണ്ട്. അപകടാവസ്ഥയിലായ പാർട്ടി ഓഫിസ് പൊളിച്ചുമാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടതു പ്രകാരമാണു കെട്ടിടം നവീകരിച്ചത്. പൊട്ടൻകാട് പാർട്ടി ഓഫിസും കരമടച്ചുപോരുന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നതെന്നും ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.