Spread the love

കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ആരോപണങ്ങളിൽ നിന്നും ഒളിച്ചോടിയെന്ന് ബിജിപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്തു മണർകാട് നടത്തിയ വാർത്താസമ്മേളനത്തിലാണു വിമർശനം. അഴിമതി ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രി തയാറായില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.ജനങ്ങൾ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞെന്നും 2021ൽ ഞങ്ങൾ വീണ്ടും സർക്കാർ ഉണ്ടാക്കിയെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾ രണ്ടാമതും അധികാരത്തിൽ എത്തിച്ചതുകൊണ്ട് ഏജൻസികളുടെ അന്വേഷണവും നീതിന്യായ കോടതികളിലെ കണ്ടെത്തലുകളും വിശ്വസിക്കേണ്ടെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നു സുരേന്ദ്രൻ ചോദിച്ചു.
2021ൽ തുടർഭരണം കിട്ടിയതു കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോയെന്നും സുരേന്ദ്രൻ ചോദിച്ചു. സർക്കാരുണ്ടാക്കിയതുകൊണ്ടു കാര്യമില്ല. കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി അന്വേഷണം നടക്കുകയാണ്, മുഖ്യമന്ത്രി ഉത്തരം പറയണം. കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയിലെ ഇടനിലക്കാരിൽ പലരും മന്ത്രി ബിന്ദുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായിരുന്നു. ഇടതുമുന്നണി കൺവീനറുടെ വേണ്ടപ്പെട്ട ആളാണ് സതീശൻ എന്നു പറയുന്ന ആൾ. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അതേക്കുറിച്ച് ഒരക്ഷരം സംസാരിക്കത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരിടത്തും യുഡിഎഫിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചില്ല. കോൺഗ്രസിനെയല്ല, ബിജെപിയയാണു മുഖ്യമന്ത്രി വിമർശിക്കുന്നത്. അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷണങ്ങൾ വന്നാൽ കോൺഗ്രസുമായി ഒരുമിച്ചു നിൽക്കേണ്ടി വരുമെന്ന സൂചനയാണു മുഖ്യമന്ത്രി നൽകുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply