Spread the love
തുടർച്ചയായ മഴ: ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു,

ഹൈദരാബാദ്: തുടർച്ചയായി പെയ്ത മഴയിൽ ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിജയവാട, ഗുണ്ടക്കൽ റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 30 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.

15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നല്‍കിയിരുന്നു.

ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതടക്കം നിരവധി ദുരന്ത വാർത്തകളാണ് പ്രദേശത്തുനിന്ന് പുറത്തുവന്നത്. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു . നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്.

പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആ‍ജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply