തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും മതപരിപാടി ഉൾപ്പെടെയുള്ള എല്ലാ പൊതു പരിപാടികൾക്കും നിരോധനം; ബീച്ചുകളിലും മാളുകളിലും പോലീസിനെ നിയോഗിച്ചു
സംസ്ഥാനത്ത് കൊവിഡ് (Covid 19) കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണം.
ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്. എറണാകുളം അടക്കമുള്ള ജില്ലകള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലായതിനാല്‍ എല്ലാ പൊതുപരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താന്‍ പാടുള്ളു എന്നാണ് നിര്‍ദ്ദേശം.
ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
തൃശൂരില്‍ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാല്‍ നാളെ മുതല്‍ പൊതു പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചുട്ടുണ്ട്. എല്ലാതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങള്‍, തിരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടര്‍ അറിയിച്ചു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍, സ്പാ, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ടിപിആര്‍ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ജില്ലഭരണകൂടം കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കര്‍ശനമാക്കി.
സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ 4,100 ആണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗികള്‍. കഴിഞ്ഞ ജനുവരി ഒന്നിന് 400 കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്ത് നിന്നാണ് ഈ മാറ്റം. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടന്‍ ചേര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. ആരാധനാലയങ്ങളിലെ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
ജില്ലയില്‍ 117 കൊവിഡ് രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കേസുകള്‍ പെരുകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണം പഴയ പോലെ കൂടാത്തത് ആശ്വാസകരമാണ്. നിലവില്‍ ആയിരത്തിലധികം ഐസിയു-ഓക്സിജന്‍ കൊവിഡ് കിടക്കകള്‍ ജില്ലയിലുണ്ട്. എന്നാല്‍ പഴയ പോലെ ആളുകള്‍ ജാഗ്രത പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു.