കണ്ണൂർ: വീണ്ടും വിവാദ പരാമർശവുമായി കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ, ജനാധിപത്യ ബോധത്തിന്റെ ഉയർന്ന മൂല്യത്തിന്റെ പ്രതീകമാണു ജവഹർലാൽ വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ അദ്ദേഹം വലിയ മനസ് കാണിച്ചുവെന്നും സുധാകരൻ പഞ്ഞു. കണ്ണൂർ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആർ എസ് എസ് ശാഖകൾക്കു സംരക്ഷണം നൽകിയെന്ന പ്രസ്താവന ഉയർത്തിയ വിവാദത്തിന്റെ ചൂടാറും മുൻപാണു നെഹ്റുവിനെക്കുറിച്ചുള്ള പരാമർശം കെ.സുധാകരൻ നടത്തിയിരിക്കുന്നത്.
“അംബേദ്കറെ നിയമമന്ത്രിയാക്കാൻ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ ഉയർന്ന മൂല്യത്തിന്റെ പ്രതീകമാണ് നെഹ്റു. ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ്, വർഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്.. നെഹ്റുവിന്റെ കാലത്ത് പാർലമെന്റിൽ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയിൽ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ എ കെ ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത്, പ്രതിപക്ഷ നേതാവാക്കി നിർത്തിയ ജനാധിപത്യ ബോധം… ഉദാത്തമായ, ഉയർന്ന മൂല്യാധിഷ്ഠിത ജനാധിപത്യ ബോധം. വിമർശിക്കാൻ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മറ്റൊരു നേതാവും ഇതു ചെയ്യില്ല. വിമർശനങ്ങൾക്കു വലിയ സ്ഥാനമാണു നെഹ്റു നൽകിയത്” സുധാകരൻ പറഞ്ഞു.
കെ സുധാകരന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രൂക്ഷ വിമർശമുയർത്തി. സുധാകരൻ നെഹ്റുവിന്റെ ചരിത്രം മനസിലാക്കണം. ആർ എസ് എസ് ചിന്തയുള്ളവർക്ക് പുറത്തുപോകാമെന്നാണു രാഹുൽ ഗാന്ധി പറഞ്ഞതെന്നും മുനീർ ചൂണ്ടിക്കാട്ടി.
” ആർ എസ് എസ്. ചിന്തയുള്ള, മനസ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുവെന്ന് തോന്നുന്നവർക്ക് പുറത്തുപോകാമെന്നാണു ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞത്.
കോൺഗ്രസിലെ ഓരോ വ്യക്തിയും സംസാരിക്കുമ്പോൾ ഒരേ സ്വരം ഉണ്ടാകണമെന്നാണു ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാർട്ടിക്കും ബാധകമാണ്” മുനീർ പറഞ്ഞു.
നെഹ്റുവിനെക്കുറിച്ചുള്ള ഈ പരാമർശം കെ സുധാകരനിൽനിന്ന് ഉണ്ടാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ പരിപാടിയിലും അദ്ദേഹം സമാനമായ പരാമർശം നടത്തിയിരുന്നു.