
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകൾ വീണ സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് പണം വാങ്ങിയെന്ന വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.
പുറത്തുവിട്ടത് കേന്ദ്ര ഏജൻസിക്ക് വേണ്ടി ടാർഗറ്റ് ചെയ്ത റിപ്പോർട്ടാണെന്നും ഇത് എല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ട് സാധാരണ നിലയിലുള്ള റിപ്പോർട്ടല്ല കേന്ദ്ര ഏജൻസിക്ക് നൽകിയത്. ആർഎസ്എസിന്റെ ടാർഗറ്റിങ്ങിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണിത്. വിവാദത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിനീഷ് കോടിയേരിയുടെ വിഷയവും നിലവിലെ പ്രശ്നവും തമ്മിൽ വ്യത്യാസമുണ്ട്. ഇപ്പോൾ വിവാദമുയർത്തിയത് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാൾക്കെതിയാണ്. കമ്പനിയുമായി വീണയ്ക്കു ബന്ധമുണ്ടെങ്കിൽ അത് അവിടെ നിർത്താതെ, വീണ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടയാളുടെ മകളാണെന്ന നിലയിൽ ചില മാധ്യമങ്ങൾ പുതിയ വിവാദമുണ്ടാക്കി. അതിനാലാണ് പാർട്ടി പ്രസ്താവനയിറക്കിയതെന്നും എം.എ. ബേബി പറഞ്ഞു.