മംഗളൂരു: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അച്ഛനും മകനും അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി കര്‍ണ്ണാടകയിലെ മംഗളൂരുവിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണാനന്ദ, മകന്‍ അവിനാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായി ജോലി നോക്കുന്ന വിനായക് കമ്മത്ത്(45) എന്നയാളെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. മംഗളൂരുവിലെ വെങ്കിടേശ്വര അപ്പാര്‍ട്ട്മെന്‍റിലാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്മെന്‍റിന്‍റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കമ്മത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയാണ് പ്രശ്നങ്ങളുണ്ടായത്. പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട് കൃഷ്മാനന്ദയും മകന്‍ അവിനാശും രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.
തര്‍ക്കത്തിനും വാക്കേറ്റത്തിനുമൊടുവില്‍ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയിലേക്കെത്തുകയും കൃഷ്ണാനന്ദയും മകന്‍ അവിനാശും ചേര്‍ന്ന് കമ്മത്തിനെ കുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മത്തിന്‍റെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.