തൃശൂർ∙ എഴുന്നള്ളത്തിനിടെ ആനയെ നിർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദേശക്കാർ തമ്മിൽ കൂട്ടയടി. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിലായിരുന്നു തർക്കമുണ്ടായത്. ഏഴുന്നള്ളത്ത് സമയത്ത് ക്ഷേത്രത്തിലെ ആനയെയാണ് നടുവിൽ നിർത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്‌ക്കൽ കാളിദാസൻ എന്ന ആനയെയും തൃക്കടവൂർ ശിവരാജുവിനെയും നിർത്തുന്നതിനെ കുറിച്ചായിരുന്നു തർക്കം. ഇത് ആനയുടെ തലപ്പൊക്കം സംബന്ധിച്ചുള്ള തർക്കത്തിലേക്കും നീണ്ടു.
ഇത് പിന്നീട് ദേശക്കാർ തമ്മിലുള്ള തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും നീങ്ങുകയായിരുന്നു. സംഘർഷം രൂക്ഷമാകുമെന്ന സാഹചര്യത്തെ തുടർന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങി. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്.