Spread the love
‘മഞ്ജു വാര്യരുമായുള്ള സംഭാഷണം ആ ഫോണിലുണ്ട്, തരാനാകില്ല’, ദിലീപ്

കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട് സർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ഇത്.

ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ പറയുന്നു. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിക്കുന്നു. ഹൈക്കോടതി റജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിക്കുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വാദങ്ങൾ നിലനിൽക്കുമോ എന്ന സംശയവും കോടതി ആവർത്തിക്കുന്നു.

Leave a Reply