Spread the love

ന്യൂഡൽഹി : ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി 200ൽനിന്ന് 300 രൂപയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ, രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും. കഴിഞ്ഞ ദിവസം വില കുറച്ചതുകൂടി പരിഗണിക്കുമ്പോൾ ഉജ്വല ഉപഭോക്താക്കൾക്ക് 600 രൂപ നിരക്കിലാകും സിലിണ്ടർ ലഭ്യമാകുക. പൊതുവിപണിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 900 രൂപയാണ് വില.

തെലങ്കാനയിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 2009ലെ സെൻട്രൽ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യും. ഏതാണ്ട് 889 കോടി രൂപയാണ് ട്രൈബൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാകാൻ ചെലവു പ്രതീക്ഷിക്കുന്നത്. ഗോത്ര ദേവതകളായ സമാക്ക, സറാക്ക എന്നിവരുടെ പേരിലാകും ഈ യൂണിവേഴ്സിറ്റി അറിയപ്പെടുക. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ അതുകൂടി ഉന്നമിട്ടാണ് കേന്ദ്രസർക്കാർ നീക്കം.

ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞൾ കർഷകരെ സംബന്ധിച്ച് ഏറെ നിർണായകമായ നീക്കമാണിത്. ദേശീയ തലത്തിൽ മഞ്ഞളിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി രംഗത്തും വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.

Leave a Reply