ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കൂൾ ബാർ മാനേജിങ് പാർട്ണർ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 40 കടന്നു. ഭക്ഷ്യവിഷബാധയിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂര്‍ കരിവെള്ളൂര്‍ പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഏപ്രിൽ 29ന് ചെറുവത്തുരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.