പ്രദീപിന് നാടിൻ്റെ യാത്രാ മൊഴി
കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് കണ്ണീരോടെ വിടനല്‍കി ജന്‍മനാട്. സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും പൂര്‍ണ ഔപചാരിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഡല്‍ഹിയില്‍ നിന്നും രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ താവളത്തിലെത്തിച്ച സൈനികന്റെ ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ മൃതദേഹം വാളയാറില്‍ നിന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ നിന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാറും മൃതദേഹം ഏറ്റുവാങ്ങി. രാവിലെ ഡല്‍ഹിയില്‍ നിന്നും പ്രദീപിന്റെ മൃതദേഹം വിമാനമാര്‍ഗമാണ് സുലൂര്‍ വ്യോമ താവളത്തിലെത്തിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിച്ചു. പ്രദീപ് പഠിച്ച തൃശൂര്‍ പുത്തൂരിലെ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണനും മുഖ്യമന്ത്രിക്ക് വേണ്ടി കെ രാജനും അന്തിമോപചാരം അര്‍പ്പിച്ചു. ചീഫ് എയര്‍ഫോഴ്‌സ് മാര്‍ഷല്‍ ബി വി ഉപാധ്യ പ്രദീപിന്റെ യൂണിഫോമും മെഡലുകളും ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി.
വൈകിട്ട് 3.45 ഓടെ സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയാണ് അലങ്കരിച്ച സൈനിക വാഹനത്തില്‍ പൊന്നൂക്കരയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. മൃതദേഹവുമായുള്ള വാഹനം കടന്നുപോയ വഴികളിലെല്ലാം സൈനികന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 4.20ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വീട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിക്കുന്ന കാഴ്ച വികാരഭരിതമായിരുന്നു.
മതാചാര ചടങ്ങുകള്‍ക്കും ഔദ്യോഗിക ബഹുമതികള്‍ക്കും ശേഷം വൈകീട്ട് 5.50 ഓടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മകന്‍ ദക്ഷ്വിന്‍ ദേവും സഹോദരന്‍ പ്രസാദും ചേര്‍ന്ന് അന്തിമ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. മതാചാര ചടങ്ങുകള്‍ക്കു ശേഷം ആദ്യം പൊലീസും തുടര്‍ന്ന് സൈനികരും ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ ഔദ്യോഗിക ബഹുമതികളര്‍പ്പിച്ചു. വ്യോമസേനയുടെ 70 അംഗ സൈനികരാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് എന്നിവരും സൈന്യത്തെ പ്രതിനിധീകരിച്ച് എയര്‍മാര്‍ഷല്‍ ഉപാധ്യയയും ചടങ്ങില്‍ സംബന്ധിച്ചു.