Spread the love

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ഭക്ഷ്യകിറ്റുകളും ഖുര്‍ആനും സ്വീകരിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷം ഖുര്‍ആന്‍ കോപ്പികള്‍ യുഎഇ കോണ്‍സുലേറ്റില്‍ തിരിച്ചേല്‍പ്പിക്കാനൊരുങ്ങി കെ.ടി ജലീല്‍. ഫേസ് ബുക്കിലാണ് ജലീല്‍ ഖുര്‍ആന്‍ കോപ്പികള്‍ തിരിച്ചേല്‍പിക്കുന്നത് സംബന്ധിച്ച് കുറിപ്പിട്ടത്.

ഫേസ് ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപ:

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് UDF ഉം BJP യും ഉയര്‍ത്തിയ സത്യവിരുദ്ധമായ ആരോപണങ്ങള്‍ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. ആക്ഷേപങ്ങളുടെ നിജസ്ഥിതി ചികയാതെ പത്രദൃശ്യ മാധ്യമങ്ങള്‍ അതേറ്റെടുത്തു. പിന്നെ വെടിക്കെട്ടിന്റെ പൊടിപൂരമാണ് നടന്നത്.
അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുര്‍ആന്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹം ഞാന്‍ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട ‘വന്‍ പാപത്തെ’ തുടര്‍ന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടു.
മതാചാര പ്രകാരമുള്ള ദാനധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റ്, ഒന്നാം പിണറായി സര്‍ക്കാറിലെ വഖഫ് ഹജ്ജ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയില്‍ എന്നെയാണ് വിളിച്ച് ചോദിച്ചിരുന്നത്. ലക്ഷോപലക്ഷം മലയാളികള്‍ ജോലി ചെയ്യുന്ന ഒരു രാജ്യത്തിന്റെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ വിശ്വാസപരമായ ആചാരനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് സഹായം ചെയ്തു എന്നതിന്റെ പേരിലാണ് എനിക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും കേന്ദ്ര ഭരണ പക്ഷവും ദുരാരോപണങ്ങളുടെ വെടിയുണ്ടകള്‍ ഉതിര്‍ത്തത്.
ഒരു കഴഞ്ച് പോലും സത്യമില്ലാത്തതിനാല്‍ തന്നെ റംസാന്‍ കിറ്റും ഖുര്‍ആന്‍ കോപ്പികള്‍ മതസ്ഥാപനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ച വിഷയവും അധികം വൈകാതെ എങ്ങോ പൊയ്മറഞ്ഞു.
പേരുകേട്ട മൂന്ന് അന്വേഷണ ഏജന്‍സികളാണ് (NIA, ED, കസ്റ്റംസ്) എനിക്കുമേല്‍ അന്വേഷണപ്പെരുമഴ തീര്‍ത്തത്. പലരും എന്റെ കഴുത്തില്‍ കുരുക്കുകള്‍ ഒരുപാട് മുറുക്കി. ഭൂതക്കണ്ണാടി വെച്ച് ഭൂമി ലോകത്തുള്ള എന്റെയും കുടുംബത്തിന്റെയും സ്വത്തു വഹകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു. സ്വര്‍ണ്ണം പോയിട്ട് ഒരു പിച്ചളപ്പിന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോകാവസാനം വരെ അന്വേഷിച്ചാലും മറിച്ചൊന്ന് സംഭവിക്കില്ല.
ഇനി UDF നും BJP ക്കുമുള്ള ഏക കച്ചിത്തുരുമ്പ് പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുര്‍ആന്റെ ആയിരത്തോളം കോപ്പികളാണ്. അത് ഞാന്‍ വിതരണം ചെയ്താല്‍ ഏറ്റുവാങ്ങിയവര്‍ വിവിധ ഏജന്‍സികളാല്‍ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യത വര്‍ത്തമാന സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. ആര്‍ക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല.
ഖുര്‍ആന്‍ കോപ്പികള്‍ കൊണ്ടുവന്ന വാഹനം ബാഗ്ലൂരില്‍ പോയെന്നും അതിന്റെ GPS കേട് വന്നെന്നുമൊക്കെയുള്ള ആ സമയത്തെ മാധ്യമ വാര്‍ത്തകള്‍ ആരും മറന്നു കാണില്ല. കേടുവന്ന ഏജട എന്‍.ഐ.എ പരിശോധനക്കായി കൊണ്ടുപോയെന്ന വാര്‍ത്തയും ഏറെ കോളിളക്കമുണ്ടാക്കി. എന്നാല്‍ ഈ കെട്ടുകഥകള്‍ക്ക് അവസാനം എന്ത് സംഭവിച്ചു എന്നത് മാത്രം ഒരാളും ഈ നിമിഷം വരെ ജനങ്ങളോട് പറഞ്ഞിട്ടില്ല. വളാഞ്ചേരിയിലെ എന്റെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്താന്‍ നേതൃത്വം നല്‍കിയവരും തികഞ്ഞ മൗനത്തിലാണ്.
എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളില്‍ സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികള്‍ UAE കോണ്‍സുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ക്ക് രണ്ട് മെയ്‌ലുകള്‍ അയച്ചിരുന്നു. അതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. അത്തരം ഒരു സാഹചര്യത്തിലാണ് UAE കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ അവര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്.
അതുമായി ബധപ്പെട്ട് കോണ്‍സുലേറ്റ് അധികൃതര്‍ക്ക് മെയ്ല്‍ ചെയ്ത കത്തിന്റെ കോപ്പിയുടെ സംഗ്രഹ പരിഭാഷയാണ് താഴെ കൊടുക്കുന്നത്.
ഖുര്‍ആന്‍ കോപ്പികള്‍ മടക്കി ഏല്‍പ്പിക്കുന്ന തിയ്യതിയും സമയവും ഫേസ്ബുക്കിലൂടെ പിന്നീടറിയിക്കും.

പ്രിയപ്പെട്ട കോണ്‍സല്‍ ജനറല്‍,
രണ്ട് വര്‍ഷം മുമ്പ് റംസാന്‍ ചാരിറ്റിയോട് അനുബന്ധിച്ച് ആയിരം പേര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ അന്നത്തെ കോണ്‍സല്‍ ജനറല്‍, ഹജ്ജ് വഖഫ് മന്ത്രി എന്ന നിലയില്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ ആയിരം ഖുര്‍ആന്‍ കോപ്പികളും എത്തിച്ച് തന്നു.
ഭക്ഷ്യക്കിറ്റുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിനെയാണ് കോണ്‍സുലേറ്റ് ഏല്‍പ്പിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ തന്നെ മുന്‍കയ്യില്‍ നിര്‍ദ്ദേശിക്കപ്പെട്ടിടങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെയാണ് UAE കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നു വന്നത്.
അതേ തുടര്‍ന്ന് കസ്റ്റംസ് ഉള്‍പ്പടെ മൂന്ന് അന്വേഷണ ഏജന്‍സികള്‍ എന്നെ വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും പറഞ്ഞ് പ്രചരിപ്പിച്ചത്. ഒരു തരി സ്വര്‍ണ്ണം പോലും വീട്ടിലോ ബാങ്ക് ലോക്കറുകളിലോ ഇല്ലാത്ത ഒരു സാധാരണ പൊതു പ്രവര്‍ത്തകനായ എനിക്ക്, വലിയ മാനഹാനിയാണ് കോണ്‍സുലേറ്റുമായി ചേര്‍ന്ന് സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നു എന്ന ദുഷ്പ്രചരണം ഉണ്ടാക്കിയത്.
വിശുദ്ധ ഖുര്‍ആനോട് അങ്ങേയറ്റത്തെ ബഹുമാനമാണ് എനിക്കുള്ളത്. മറ്റു വേദഗ്രന്ഥങ്ങളെയും അതിരറ്റ് ഞാന്‍ ആദരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നിയമ വിരുദ്ധമാണെന്ന് ചില പത്രങ്ങളും നേതാക്കളും ആരോപിച്ച ഖുര്‍ആന്‍ കോപ്പികളുടെ വിതരണം മസ്ജിദുകളിലോ മതസ്ഥാപനങ്ങളിലോ നടത്താന്‍ എനിക്കാവില്ല. ആയതിനാല്‍ കോണ്‍സുലേറ്റ് ഏല്‍പ്പിച്ച ഖുര്‍ആന്‍ കോപ്പികള്‍ ദയവുണ്ടായി തിരിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു വിശ്വാസി എന്ന നിലയില്‍ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാന്‍ സമ്മാനമായി ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ തിരികെ ഏല്‍പ്പിക്കുന്നത്. അതിലെ അനാദരവ് നൂറു ശതമാനം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, എന്റെ മുന്നില്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള UAE കേരള ബന്ധത്തിന്റെ ഊഷ്മളതക്ക് ഖുര്‍ആന്‍ കോപ്പികള്‍ തിരിച്ചു നല്‍കുക എന്ന ‘മര്യാദകേട്’ പോറലേല്‍പ്പിക്കില്ല എന്ന വിശ്വാസത്തോടെ,
സ്‌നേഹപൂര്‍വ്വം
ഡോ:കെ.ടി.ജലീല്‍ (എംഎല്‍എ)

Leave a Reply