Spread the love
സംസ്ഥാനത്ത് കൊറോണ അതിതീവ്ര വ്യാപനം; ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു. കൊറോണ, ഒമിക്രോൺ പശ്ചാത്തലത്തിൽ രൂപീകരിച്ച സർവയലൻസ്, ഇൻഫ്രാസ്ടെക്ച്ചർ ആന്റ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ്, ട്രാൻസ്പോർട്ടേഷൻ ആന്റ് ഓക്സിജൻ, വാക്സിനേഷൻ മാനേജ്മെന്റ്, പോസ്റ്റ് കൊറോണ മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആർആർടി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പരിശോധനാ ഫലം വൈകാതിരിക്കാൻ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി നിരീക്ഷണം ശക്തമാക്കും. ഹോസ്പിറ്റൽ സർവയലൻസ്, ട്രാവൽ സർവയലൻസ്, കമ്മ്യൂണിറ്റി സർവയലൻസ് എന്നിവയ്‌ക്ക് പ്രാധാന്യം നൽകും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും.

സർവയലൻസ് കമ്മിറ്റിയുടെ ഭാഗമായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ദൗത്യം. കൊറോണ പോസിറ്റീവായവരുടെ വിവരങ്ങൾ ഈ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സ്വകാര്യ ആശുപത്രികളെ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊറോണ രോഗികളുടെ വാക്സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും.

ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മൾട്ടി ലെവൽ ആക്ഷൻ പ്ലാൻ അനുസരിച്ച് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ ഫീൽഡ് ആശുപത്രികൾ സജ്ജമാക്കും. ആവശ്യമാണെങ്കിൽ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. സുരക്ഷാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ക്ഷാമമില്ല. ഓക്സിജൻ കരുതൽ ശേഖരമുണ്ടെങ്കിലും ഓക്സിജൻ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതൽ ആംബുലൻസ് സൗകര്യം സജ്ജമാക്കും.

സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്കുണ്ട്. പോസ്റ്റ് കൊറോണ മാനേജ്മെന്റ് ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെ പോസ്റ്റ് കൊറോണ ചികിത്സ ലഭ്യമാണ്. ഒമിക്രോൺ സാഹചര്യത്തിൽ സമയബന്ധിതമായി താഴെത്തട്ടുവരെ പരിശീലനം പൂർത്തിയാക്കണം. ഓരോ ആശാവർക്കർമാരിലും പരിശീലനം എത്തിയെന്ന് ഉറപ്പ് വരുത്തും.

ആശുപത്രി ജീവനക്കാർക്ക് കൊറോണ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകും. ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിന് വലിയ പ്രാധാന്യം നൽകണം. പനിയും മറ്റ് കൊറോണ രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ പരിശോധന നടത്തണം.

ഇ സഞ്ജീവനി ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതാണ്. കൊറോണ ഒപിയിൽ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റിൽ താഴെയാക്കും. രോഗികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ മാനസികാരോഗ്യ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആർആർടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികൾ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.

Leave a Reply