Spread the love
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷം; ലക്ഷണമുള്ള എല്ലാവരും പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണെന്നും ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും മന്ത്രി അറിയിച്ചു. ലക്ഷണമുള്ള എല്ലാവരും കൊറോണ പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇരുപത്തിയാറായിരത്തിന് മുകളിലായിരുന്നു രോഗികൾ. ഇന്നലെ അത് ഇരട്ടിയോളം വർദ്ധിച്ച് അരലക്ഷത്തിനടുത്തെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്ന് മുതൽ കൺട്രോൾ റൂമുകൾ തുറക്കും. രോഗലക്ഷണമില്ലാത്തവരും ആരോഗ്യമുള്ളവരും ചെറിയ ലക്ഷണങ്ങളുള്ളവരും ആശുപത്രിയിൽ ചികിത്സ തേടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ചെറിയ ലക്ഷണമുള്ളവർക്ക് മൂന്നാം ദിവസവും പനി തുടരുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ ചികിത്സ തേടിയാൽ മതി. സ്‌കൂൾ കുട്ടികൾക്ക് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പെയിൻ ആരംഭിക്കും. ഹോസ്പിറ്റൽ അഡ്മിഷൻ രണ്ടാം തരംഗത്തെപ്പോലെ വർദ്ധിക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply