Spread the love
ചെലവു കൂടും: വരാൻ പോകുന്നത് വിലക്കയറ്റത്തിന്റെ നാളുകൾ

കൊച്ചി: വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം. പച്ചക്കറിക്കും പാചക വാതകത്തിനും മൊബൈൽ റീ ചാർജിനുമടക്കം ഇപ്പോൾ ചെലവേറി. വരും മാസങ്ങളിൽ ചെരിപ്പ്‌ മുതൽ സ്മാർട്ട്‌ഫോണിനു വരെ വില ഉയർന്നേക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതാണ് ചെരിപ്പ് നിർമാണമടക്കം ഒട്ടുമിക്ക മേഖലകളെയും വില വർധനയിലേക്ക് നയിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യവസായികൾക്ക് തലവേദനയായത് ഉയർന്ന കണ്ടെയ്‌നർ നിരക്കും കണ്ടെയ്‌നർ ക്ഷാമവും ഇന്ധന വില വർധനയുമൊക്കെയായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രധാന പ്രശ്നം അസംസ്‌കൃത-അനുബന്ധ വസ്തുക്കളുടെ വിലക്കയറ്റമാണ്.

കണ്ടെയ്‌നർ നിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും കൂടുന്നില്ല എന്നുള്ളത് വ്യവസായികളെ സംബന്ധിച്ച് ആശ്വാസമാണ്. കണ്ടെയ്‌നറുകളുടെ ലഭ്യതയും മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ധന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ആശ്വാസമാകുന്നുണ്ടെങ്കിലും ഉത്പാദനച്ചെലവ് താങ്ങാനാകാത്ത വിധം ഉയർന്നിട്ടുണ്ടെന്നും ഇതിന്റെ അധിക ഭാരം ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ നിർവാഹമില്ലെന്നുമാണ് വ്യവസായികൾ പറയുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ ചെരുപ്പുകൾക്ക് അടുത്തിടെ 10-20 ശതമാനം വില കൂട്ടിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴ രൂക്ഷമായതോടെ ഉത്പാദനവും വിതരണവും തടസ്സപ്പെട്ടതോടെ അരിയടക്കമുള്ള കാർഷിക ഉത്പന്നങ്ങൾക്കും വില കൂടിയിട്ടുണ്ട്.

ടെലിവിഷൻ, സ്മാർട്ട്‌ഫോൺ, എ.സി., റഫ്രിജറേറ്റർ എന്നിവയ്ക്ക് അടുത്ത മാസം മുതൽ അഞ്ച് ശതമാനം വരെ വില ഉയർന്നേക്കും. നെയ്ത്തുനൂലിന് വില വർധിച്ചതോടെ വസ്ത്രനിർമാണ മേഖലയും വില വർധനയുടെ വക്കിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 60 ശതമാനത്തിലധികമാണ് നെയ്ത്തുനൂലിന് വില കൂടിയത്. മാത്രമല്ല, പാക്കിങ് മെറ്റീരിയലുകൾക്കും 30-40 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.

ചെരിപ്പിനും തുണിത്തരങ്ങൾക്കും ജി.എസ്.ടി. ഉയരുമ്പോൾ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്നതിനിടെയാണ് ഇരുട്ടടിയായി ചെരിപ്പിനും തുണിത്തരങ്ങൾക്കും ജി.എസ്.ടി. നിരക്ക് ഉയർത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം. ഇതോടെ ചെരിപ്പിനും വസ്ത്രങ്ങൾക്കും ജനുവരിയോടെ വില കൂടും.

നിലവിൽ 1,000 രൂപ വരെയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ജി.എസ്.ടി. അഞ്ച് ശതമാനമാണ്. ഇത് 12 ശതമാനത്തിലേക്കാണ് ഉയർത്തുന്നത്. പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തിലാകുന്നതോടെ പാദരക്ഷകൾക്ക് വീണ്ടും ഏഴ് ശതമാനം വരെ വില കൂട്ടാൻ നിർബന്ധിതരാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്ട്‌വെയർ ഇൻഡസ്ട്രീസ് അസോസിയേഷൻ പറയുന്നു.

1,000 രൂപയിൽ കൂടുതൽ വിലയുള്ള പാദരക്ഷകൾക്ക് 18 ശതമാനമാണ് നിലവിൽ നികുതി. ഫലത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന പാദരക്ഷകൾക്ക് നികുതി കൂടുമെന്ന് സാരം. വസ്ത്ര വ്യാപാര മേഖലയിലും സ്ഥിതി മറിച്ചല്ല. വിപണിയിൽ 80 ശതമാനവും 1,000 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങളാണ്.

Leave a Reply