കൊല്ലത്ത് ഒമ്പതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്ന് പരാതി. കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് കുറ്ററ സ്വദേശിയായ ആഷിഖിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് ആഷിഖും പിതാവും കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയില്‍ ചുമയുടെ മരുന്നു വാങ്ങി. എന്നാല്‍ വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായി. ചികിത്സയ്ക്കായി കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആഷിഖിന്റെ കുടുംബത്തിന്റെത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.