എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. തലസ്ഥാന നഗരത്തിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. പരേഡ് സമയത്തെ ദൃശ്യത മെച്ചപ്പെടുത്തുന്നതിന് വേണ്ടി പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിക്കുക.
ദേശീയ കേഡറ്റ് കോർപ്‌സിന്റെ ‘ഷഹീദോൻ കോ ഷത് നമാൻ’ പരിപാടിയുടെ ലോഞ്ച്, ഇന്ത്യൻ എയർഫോഴ്‌സിന്റെ 75 വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്നുള്ള ഗ്രാൻഡ് ഫ്ലൈപാസ്റ്റ്, രാജ്യവ്യാപകമായി വന്ദേ ഭാരതത്തിലൂടെ തിരഞ്ഞെടുത്ത 480 നർത്തകരുടെ സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവയാണ് പ്രധാന പരേഡിനായി ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ പരിപാടികൾ. നൃത്തമത്സരം, ‘കലാ കുംഭം’ പരിപാടിയിൽ തയ്യാറാക്കിയ 75 മീറ്റർ വലിപ്പമുള്ള 10 ചുരുളുകളുടെ പ്രദർശനം, 10 വലിയ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കൽ.
ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിനായി, തദ്ദേശീയമായി നിർമ്മിച്ച 1,000 ഡ്രോണുകളുള്ള ഒരു ഡ്രോൺ ഷോ ആസൂത്രണം ചെയ്തിട്ടുണ്ട്.
സാധാരണഗതിയിൽ പരേഡ് കാണാൻ അവസരം ലഭിക്കാത്ത സമൂഹത്തിലെ ആ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പരേഡും ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങും കാണാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ, നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സന്ദർശകരെ പരമാവധി ചുരുക്കി, കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ എല്ലാം തന്നെ നടക്കുക.