Spread the love

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

ഉത്സവം പ്രമാണിച്ച് ബിഹാറിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28ലേക്കു മാറ്റി. സംസ്ഥാനത്ത് ആകെയുള്ള 40 മണ്ഡലങ്ങളിലെ 4 സീറ്റിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 28നാണ്. ബിഹാറിൽ മാർച്ച് 30നും. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി മറ്റു സ്ഥലങ്ങളിൽ മാർച്ച് 20ഉം ബിഹാറിൽ ഏപ്രിൽ രണ്ടിനുമാണ്.

അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‍നാട്, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആകെ 7 ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടത്തുക. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25, ജൂൺ 1 തീയതികളിലാണു വോട്ടെടുപ്പ്. ജൂൺ നാലിന് എല്ലായിടത്തും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Leave a Reply