
ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയിലും പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം. മിക്ക സംസ്ഥാനങ്ങളിലും രാത്രി കര്‍ഫ്യു ഉള്‍പ്പെടെയുള്ള കനത്ത നിയന്ത്രണങ്ങള്‍ ആഘോഷങ്ങളെ ബാധിച്ചു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഗോവ, കൊച്ചി ഉള്‍പ്പെടെ പ്രധാന വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നഗരങ്ങളിലൊക്കെ കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു ആഘോഷങ്ങള്‍. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കോഴിക്കോട് 9.30 വരെ മാത്രമായിരുന്നു ആഘോഷങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ഹോട്ടലുകളും ബാറുകളും ഉള്‍പ്പെടെ ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവര്‍ഷം പിറന്നത്.