ചെന്നൈയില്‍ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും വെള്ളിയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. അമേരിക്കയിലെ മകളുടെ അടുത്ത് നിന്ന് എത്തിയ അന്നാണ് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടത്. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവർ മദൻലാൽ കിഷൻ, സുഹൃത്ത് ഡാർജിലിങ് സ്വദേശി രവിറായ് എന്നിവർ 8 കിലോ സ്വർണവും 50 കിലോ വെള്ളിയുമായി രക്ഷപ്പെടാൻ ശ്രമിച്ചത്. 40 കോടി രൂപയുടെ ഒരു ഭൂമി ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നത് കൃഷ്ണ കേട്ടിരുന്നു. ഈ പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണയുടെ സംശയം. കൊല നടത്തിയ ശേഷം വീട്ടിൽ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ ഇരുവരും ലോക്കർ പരിശോധിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ, മറ്റൊരു ലോക്കറിൽനിന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി ഇരുവരും നാടുവിടുകയായിരുന്നു. മാതാപിതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടർന്ന് മകൾ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചപ്പോൾ ഡ്രൈവറും മറ്റൊരാളും ചേർന്ന് ദമ്പതികകളെ കാറിലേക്ക് എടുത്ത് കയറ്റുന്നതു കണ്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറുടെ മൊബൈൽ ഫോണ്‍ ട്രാക്ക് ചെയ്ത് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.