ശബരിമല ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കിയെടുത്തത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികള്‍ക്കും മുന്‍പായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം പാലിക്കാതെയാണ് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ജസ്റ്റിസ് ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങുന്നതിന് മതിയായ സമയമുണ്ടായിരുന്നു. എന്നിട്ടും അനുമതി വാങ്ങാതെ ഇപ്രകാരം ചെയ്തത് ശരിയായില്ലെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്തദിവസം ദേവസ്വംബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് പാളികള്‍ കൊണ്ടുപോയതെന്നാണ് ദേവസ്വം വിശദീകരണം.ഞായറാഴ്ച രാത്രി എട്ടരയ്ക്കുശേഷമാണ് പാളികള്‍ ഇളക്കിയത്. ഇവ നിര്‍മിച്ച് സമര്‍പ്പിച്ച സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സുരക്ഷിതവാഹനത്തിലാണ് പാളികള്‍ കൊണ്ടുപോയതെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ 19-ന് അറ്റകുറ്റപ്പണികള്‍ക്കുശേഷം തിരികെ എത്തിക്കും.
ശബരിമല ശ്രീകോവില്‍ അടക്കമുള്ള പ്രധാന ഇടങ്ങളിലെ അറ്റകുറ്റപ്പണി സന്നിധാനത്തുവെച്ച് നടത്തുന്നതിന് തടസ്സമില്ല. വലിയ ചെലവുള്ളവയാണെങ്കില്‍ ഹൈക്കോടതിയെ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം. ഇത് പാലിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങള്‍ കരിങ്കല്ലുകൊണ്ടാണ്. 1998-ല്‍ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ മേല്‍ക്കൂരയും വശങ്ങളും സ്വര്‍ണം പൂശിയിരുന്നു. അപ്പോള്‍ ദ്വാരപാലകന്മാരുടെ ശില്പങ്ങളില്‍ ഒന്നും ചെയ്തില്ല. പിന്നീടാണ് ചെന്നൈയിലെ സ്ഥാപനം ഇവ വഴിപാടായി സ്വര്‍ണംപൂശിയത്.
വലിയ തിരക്കിനിടെ ഭക്തര്‍ ഭണ്ഡാരത്തിലേക്ക് എറിയുന്ന നാണയങ്ങള്‍ ദ്വാരപാലകശില്പങ്ങളില്‍ വീഴാറുണ്ട്. അങ്ങനെയാണ് പാളികള്‍ പലയിടത്തും ചുളുങ്ങിയയത്. ചില ഭാഗം പൊട്ടി. സ്വര്‍ണത്തിന്റെ നിറം മങ്ങുകയും ചെയ്തു.
ദ്വാരപാലകരുടെയും സോപാനപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് 2023-ല്‍ താന്ത്രികനിര്‍ദേശമുണ്ടായിരുന്നെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വാതിലുകള്‍ പണിതു. ദ്വാരപാലകപാളികളിലെ കീറലും നിറംമങ്ങലും മാറ്റാനാണ് ചെന്നൈയ്ക്ക് കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.








