കൊല്ലം: അഞ്ചൽ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ സൂരജിനുള്ള ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്.
രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ ഏറെ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോൾ കണക്കാക്കുന്നത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ സവിശേഷത. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുമുണ്ട്.