ന്യൂഡല്‍ഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിനായി നൽകുന്നത് ഭാരത് ബയോടെക്കിെൻറ കോവാക്സിൻ മാത്രം. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിരപോരാളികൾക്കും 60 വയസ്സ് പിന്നിട്ട രോഗമുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച) കഴിഞ്ഞാൽ കരുതൽ ഡോസ് സ്വീകരിക്കാം. 60 പിന്നിട്ടവർ രോഗവിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
15നും 18നും ഇടയിൽ പ്രായമുളളവരുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും. ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടൽ വഴി രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ആർ.എസ്. ശർമ പറഞ്ഞു.
രജിസ്ട്രേഷനായി നിലവിലുള്ള കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ കൂടിച്ചേരുകയോ കോവിന്‍ ആപ്പില്‍ പുതുതായി ചേർക്കുകയോ വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ചേർക്കുകയോ ചെയ്യാം. 2007 വര്‍ഷം അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.