ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. covaxin ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.
കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കൊവാക്സിന്റെ ഫലപ്രാപ്തി.