
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. 23ന് മുകളിലാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. സര്‍ക്കാര്‍ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളിലെ പരിപാടികളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി. മാളുകളില്‍ 25 സ്ക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന നിലയിലായിരിക്കും പ്രവേശനം. ക്ലസ്റ്ററുകളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. കഴിഞ്ഞ ആഴ്ചയിലെതിനെക്കാള്‍ 35000 അധിക കോവിഡ് കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെയും ഐസിയു, ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെയും എണ്ണം വര്‍ധിച്ചു. അതേസമയം വെന്‍റിലേറ്റര്‍ ആവശ്യമുള്ള രോഗികളുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.