Spread the love
രാജ്യത്ത് 2.35 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്; 871 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2.35 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 871 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

3,35,939 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 20,04,333 പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയിലുള്ളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് കുറയുകയാണ്. 13.39 ശതമാനമാണ് ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാക്സിനേഷനും നല്ല രീതിയില്‍ നടക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 1,65,04,87,260 ഡോസ് വാക്സിന്‍ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജനുവരി 26ന് അവസാനിച്ച ആഴ്ചയില്‍ 400 ജില്ലകളിലാണ് 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കോവിഡ് രോഗമുക്തി നിരക്ക് 93.89 ശതമാനമായും ഉയര്‍ന്നു.

അതേസമയം, രാജ്യ​ത്ത് കോവിഡിന്റെ തീവ്രത കുറയുകയാ​ണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചതിന്​ ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജനുവരി 20ന് ശേഷം എല്ലാദിവസവും രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്ത് എത്തിയതിന് ശേഷമാണ് പിന്നീട് വലിയ കുറവ് രേഖപ്പെടുത്തിയത്.

Leave a Reply