
രണ്ട് മീറ്റര്‍ സാമൂഹിക അകലം കൊണ്ടുമാത്രം കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താനാകില്ലെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ എന്‍ജിനീയര്‍മാരുടെ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങിയ കണികകള്‍ എങ്ങനെയാണ് പരക്കുന്നതെന്ന് കണ്ടെത്താന്‍ നടത്തിയ കംപ്യൂട്ടര്‍ മോഡലിങ് പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാസ്‌കിന്റെ അഭാവത്തില്‍ കോവിഡ് ബാധിച്ച ഒരു വ്യക്തിക്ക് രണ്ട് മീറ്റര്‍ അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയിലേക്ക് പോലും വൈറസ് പരത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ വ്യക്തിയുടെയും ചുമയുടെ ശക്തിയും കണികകളുടെ പുറന്തള്ളലും വ്യത്യസ്തമായ തരത്തിലാണെന്നും സുരക്ഷിത ദൂരം എന്ന് കണക്കാക്കാവുന്ന അകലം മൂന്ന് മീറ്റര്‍ വരെയാകാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചുമയിലെ വൈറസ് കണികകളുടെ എണ്ണത്തെ പോലെതന്നെ പ്രധാനമാണ് കണികകള്‍ പുറത്തു വന്നശേഷം അവയ്ക്ക് എന്തു സംഭവിക്കുമെന്നുള്ളത്. ഇവയിലെ വലിയ കണികകള്‍ വ്യക്തിയുടെ ചുറ്റും പതിക്കുമ്പോള്‍ ചെറിയ കണികകള്‍ വായുവില്‍ കുറച്ച് നേരം തങ്ങി നില്‍ക്കാം. ഈ കണികകളാണ് പല രാജ്യങ്ങളിലും സാമൂഹിക അകല ദൂരമായി അംഗീകരിച്ചിട്ടുള്ള രണ്ട് മീറ്റര്‍ ദൂരത്തിനപ്പുറവും പോകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് എത്ര വേഗത്തില്‍, എത്ര ദൂരത്തോളം പോകുമെന്നതെന്ന് ചുമച്ചയാള്‍ നില്‍ക്കുന്ന മുറിയിലെ വായുവിന്റെ സഞ്ചാര ഗതിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സാമൂഹിക അകലം കൊണ്ടു മാത്രം കാര്യമില്ലെന്നും ഇതിനൊപ്പം വാക്സിനേഷനും മാസ്‌ക് അണിയലും മുറിയിലെ ശരിയായ വെന്റിലേഷനും സുപ്രധാനമാണെന്നും ഗവേഷകര്‍ അടിവരയിടുന്നു. ഓഫീസുകള്‍, ക്ലാസ്മുറികള്‍, കടകള്‍ പോലുള്ള അകത്തളങ്ങളില്‍ തുടര്‍ന്നും എല്ലാവരും മാസ്‌കുകള്‍ അണിയണമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.