ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം. കോവിഡ് സാഹചര്യങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്ത് മുതിർന്നവർ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്കുള്ള വാക്സിനേഷൻ നടപടികൾ ശക്തിപ്പെടുത്തണം.
കോവിഡ് നിരീക്ഷണവും ജനിതക ശ്രേണീകരണ പരിശോധനയും കൃത്യമായി നടപ്പാക്കണം. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലെ ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നും രോഗവ്യാപനം തടയുന്നതിനു സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.
രാജ്യത്തു മതിയായ വാക്സിനുകൾ ലഭ്യമായ സാഹചര്യത്തിൽ രോഗ ബാധിതരാകാൻ സാധ്യത കൂടിയവരെയും വാക്സിനുകൾ സ്വീകരിക്കുന്നതിനു യോഗ്യതയുള്ളവരെയും കണ്ടെത്തി വാക്സിനേഷൻ നിരക്കു കൂട്ടണം. കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.