ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 40 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 12,340 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്.1,547 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 186.90 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിൽ ഏപ്രിൽ 11 മുതൽ 18 വരെ കോവിഡ് കേസുകളിൽ മൂന്നിരട്ടി വർധനവാണുണ്ടായത്. 632 പേർക്കാണ് തലസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നും യോഗത്തിൽ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമാകും.