ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേർന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് യോഗം വിളിച്ചു ചേർക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
11, 12 തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്തും. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാണമെന്നും കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. 24മണിക്കൂറിനുള്ളിൽ 13 ശതമാനമാണ് കൊവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ 24 മണിക്കൂറിൽ പുതിയ 6,050 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണ്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 28,303 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,78,533 കൊവിഡ് പരിശോധനകൾ നടത്തി. നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ വെെകുന്നേരം ഡൽഹിയിൽ 606 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.
ഇന്നലെത്തെ റിപ്പോർട്ട് പ്രകാരം 803 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തുകയും മൂന്ന് രോഗികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചക്കുകയും ചെയ്തു.